Kerala
കൊച്ചി: വിശ്വാസത്തിൽ ഉറച്ചതും ഐക്യബോധത്തിൽ ശക്തമായതുമായ സമുദായത്തിന് കാലഘട്ടത്തിന്റെ ദിശ മാറ്റാൻ കഴിയുമെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സീറോമലബാർ സമുദായ ശക്തീകരണവർഷം 2026ന്റെ സഭാതല ഉദ്ഘടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തിപരമായ വിശ്വാസാനുഭവങ്ങളിൽ മാത്രം തൃപ്തിയടയാതെ, വിശ്വാസ ബോധ്യങ്ങളെ സമൂഹനന്മയ്ക്കായി പ്രവർത്തനസജ്ജമാക്കുമ്പോഴാണ് സമുദായം ചരിത്രത്തെ സ്വാധീനിക്കുന്ന ശക്തിയായി മാറുന്നത്. രൂപതകൾ, സമർപ്പിത സമൂഹങ്ങൾ, കുടുംബങ്ങൾ, യുവജനങ്ങൾ, വിദ്യാഭ്യാസ- സാമൂഹിക സ്ഥാപനങ്ങൾ ഇവയെല്ലാം ഒരേ ലക്ഷ്യത്തോടെ വളർത്തിയെടുക്കുന്ന ഐക്യബോധമാണ് നമ്മുടെ യഥാർഥ ശക്തി. അത്തരമൊരു കൂട്ടായ്മയിൽ നവീകരിക്കപ്പെടുമ്പോൾ മാത്രമാണ് ക്രൈസ്തവ സമുദായത്തിന് കാലഘട്ടത്തിന്റെ ദിശയെ സുവിശേഷമൂല്യങ്ങളുടെ പ്രകാശത്തിൽ രൂപാന്തരപ്പെടുത്താനാകുകയെന്നും മേജർ ആർച്ച്ബിഷപ് പറഞ്ഞു.
സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ കൺവീനർ ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, ചെയർമാൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, സിനഡ് സെക്രട്ടറി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, വിവിധ മെത്രാന്മാർ, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, പബ്ലിക് അഫയേഴ്സ് കമ്മീഷൻ സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലിൽ, വിൻസെൻഷ്യൻ കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ ഫാ. പോൾ പുതുവ, എസ്എബിഎസ് സന്യാസിനീ സമൂഹം സുപ്പീരിയർ ജനറൽ സിസ്റ്റർ റോസിലി ജോസ് ഒഴുകയിൽ, സീറോമലബാർ മാതൃവേദി ഗ്ലോബൽ പ്രസിഡന്റ് ബീന ജോഷി, എസ്എംവൈഎം പ്രസിഡന്റ് അഡ്വ. സാം സണ്ണി, സഭാ കാര്യാലയത്തിലെ വൈദികർ, സന്യസ്തർ എന്നിവർ പ്രസംഗിച്ചു.
34-ാം സിനഡിന്റെ ഒന്നാം സമ്മേളനത്തിനു പ്രാരംഭമായി നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സഭയുടെ വിവിധ തലങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
Kerala
കൊച്ചി: സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ, സിനഡ് സെക്രട്ടറി ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കൊപ്പം ലെയോ പതിനാലാമൻ മാർപാപ്പയെ സന്ദർശിക്കുന്നതിനായി ഇന്നു രാവിലെ റോമിലേക്ക് യാത്രതിരിച്ചു.
മേജർ ആർച്ചുബിഷപ്പിന്റെ അഭ്യർത്ഥനപ്രകാരം മാർപാപ്പ വ്യക്തിപരമായ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരിക്കുന്നത് ഡിസംബർ 15ന് രാവിലെ 10-നാണ്. മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുന്ന മേജർ ആർച്ചുബിഷപ്പും സിനഡ് സെക്രട്ടറിയും പൗരസ്ത്യസഭകൾക്കു വേണ്ടിയുള്ള കാര്യാലയവും വത്തിക്കാനിലുള്ള മറ്റ് കാര്യാലയങ്ങളും സന്ദർശിക്കും.
മേജർ ആർച്ചുബിഷപ്പിന്റെ വത്തിക്കാനിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചരണങ്ങൾ അവാസ്തവവും സത്യവിരുദ്ധവുമാണെന്ന് സഭ പിആർഒ റവ.ഡോ. ടോം ഓലിക്കരോട്ട് അറിയിച്ചു.
National
ന്യൂഡൽഹി: കത്തോലിക്ക ബിഷപ്പുമാരുടെ സംഘം ഇന്നു പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലും ഫരീദാബാദ് അതിരൂപത ആർച്ച്ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയും സീറോ മലബാർ സഭയിലെ മറ്റ് ബിഷപ്പുമാരുമാണ് ഇന്നു പ്രധാനമന്ത്രിയെ കാണുന്നത്. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച.
ലെയോ പതിനാലാമൻ മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിക്കുന്ന കാര്യം പ്രധാനമന്ത്രിയോട് അഭ്യർഥിക്കും. രാജ്യത്തു ക്രൈസ്തവർ നേരിടുന്ന വിവിധ പ്രശ്നങ്ങളും സംഘം പ്രധാനമന്ത്രിയുമായി ചർച്ച നടത്തും.
പ്രധാനമന്ത്രിയുടെ വസതിയിലാണ് സീറോ മലബാർ ബിഷപ്പുമാരുടെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്കു ശേഷം മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലും ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങരയും പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് മാധ്യമപ്രവർത്തകരെ കണ്ടേക്കും.
Kerala
കൊച്ചി: പദ്മഭൂഷൺ പുരസ്കാരം നേടിയ പ്രമുഖ ഹൃദയ ചികിത്സാ വിദഗ്ധനും എറണാകുളം ലിസി ആശുപത്രിയിലെ കാർഡിയാക് സർജറി വിഭാഗം മേധാവിയുമായ സീറോ മലബാർ സഭാംഗം ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് സീറോമലബാർ സഭയുടെ ആദരം. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന സഭാ ദിനാചരണ സമ്മേളനത്തിൽ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ അദ്ദേഹത്തെ ഷാൾ അണിയിച്ച് ഉപഹാരം സമർപ്പിച്ചു.
സീറോമലബാർ സഭാംഗമെന്ന നിലയിൽ അഭിമാനത്തോടെയാണു ആദരം സ്വീകരിക്കുന്നതെന്നു ഡോ. ജോസ് ചാക്കോ പറഞ്ഞു. പാർശ്വങ്ങളിൽ സഞ്ചരിക്കുന്നവരെയും സഹജീവികളെയും കാരുണ്യത്തിന്റെ മനോഭാവത്തോടെ കാണാനും പരിചരിക്കാനും സ്നേഹിക്കാനുമുള്ള ദൗത്യത്തിന് സഭ വലിയ പ്രചോദനമാണ്. തനിക്കു ലഭിച്ച പുരസ്കാരങ്ങൾ നമ്മുടെ ആരോഗ്യമേഖലയ്ക്കാകെയുള്ള അംഗീകാരമാണെന്നും ഡോ. ജോസ് പറഞ്ഞു. ഡോ. ജോസ് ചാക്കോയുടെ പത്നി ജെയ്മിയും ചടങ്ങിനെത്തിയിരുന്നു.
Kerala
കൊച്ചി: പ്രതിസന്ധികളിൽ അസ്വസ്ഥരാവുകയല്ല, പ്രത്യാശയുടെ ചക്രവാളങ്ങളിലേക്കു നയിക്കപ്പെടുകയാണു വർത്തമാനകാലത്തു സഭയുടെ സവിശേഷ ദൗത്യമെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. മഹത്തായ പൈതൃകവും ലോകമെങ്ങും സാക്ഷാത്കരിക്കപ്പെട്ട വളർച്ചയുടെ കരുത്തും സഭയുടെ പ്രേഷിത പ്രയാണത്തിന് ഇന്നു കൂടുതൽ ഉണർവു പകരുന്നുണ്ടെന്നും മാർ തട്ടിൽ പറഞ്ഞു. സീറോമലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മാർ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ സ്മരണയിൽ നടന്ന ദുക്റാന തിരുനാൾ ആചരണവും സഭാ ദിനാഘോഷവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
24 പൗരസ്ത്യസഭകളിൽ സീറോമലബാർ സഭ എല്ലാ അർഥത്തിലും അതിന്റെ ശ്രേഷ്ഠമായ ശ്ലൈഹിക പൈതൃകം അഭിമാനത്തോടെ അടയാളപ്പെടുത്തുന്നു. അമ്പതു ലക്ഷം വിശ്വാസികളുള്ള സഭ, അതിന്റെ പൈതൃകത്തിൽ അഭിമാനിക്കാനും നാളെകളിലേക്കുള്ള യാത്രകളെ ആസൂത്രണം ചെയ്യാനും സഭാദിനം ഓർമിപ്പിക്കുന്നുണ്ട്.
സീറോമലബാർ സഭ ലോകമെമ്പാടും വളരുകയാണ്. ഈ വർഷം 283 നവവൈദികർ അഭിഷിക്തരായി. സന്യാസരംഗത്ത് 145 പേർ നിത്യവ്രത വാഗ്ദാനവും 272 പേർ പ്രഥമ വ്രത വാഗ്ദാനവും നടത്തി. 338 പേർ വിവിധ സന്യാസിനി സമൂഹങ്ങളിൽ സമർപ്പിതരായി.
3056 രൂപത വൈദികർ സഭയിലുണ്ട്. സന്യസ്തരും ബ്രദർമാരുമായി 4991 പേർ. 32114 സന്യാസിനികൾ നമുക്കുണ്ട്. 1214 പേർ മേജർ സെമിനാരികളിൽ പരിശീലനം നടത്തുന്നു.
സമുദായശക്തീകരണ വർഷാചരണത്തിലേക്കു സീറോമലബാർ സഭ കടക്കുകയാണ്. നമ്മുടെ കുടുംബങ്ങളിൽ കുഞ്ഞുങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള സമ്മർദം ആശങ്കപ്പെടുത്തുന്നുണ്ട്. ആൾബലമുള്ള സഭയാകാൻ ദീർഘവീക്ഷണത്തോടെ നാം ചിന്തിക്കണം. ആൾബലമില്ലാത്ത സഭ ശക്തിയാർജിക്കുക എളുപ്പമല്ല. സഭയിലെ എല്ലാവരും ഒന്നിച്ചു കൂട്ടായ്മയിൽ മുന്നോട്ടു നീങ്ങണം. അല്മായരുടെ ശക്തമായ പ്രവർത്തനങ്ങൾ സഭയ്ക്കു പ്രതീക്ഷ നൽകുന്നതായും മേജർ ആർച്ച്ബിഷപ് പറഞ്ഞു.
കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, സെന്റ് മർത്താസ് സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ സിസ്റ്റർ സ്നേഹ പോൾ, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, മാതൃവേദി ഗ്ലോബൽ പ്രസിഡന്റ് ബീന ജോഷി, എസ്എംവൈഎം കേരള റീജിയൺ പ്രസിഡന്റ് അലക്സ് തോമസ്, കൂരിയ ചാൻസലർ റവ. ഡോ. ഏബ്രഹാം കാവിൽപുരയിടത്തിൽ, വൈസ് ചാൻസലർ റവ.ഡോ. പ്രകാശ് മറ്റത്തിൽ, സിഎസ്ടി ബ്രദേഴ്സ് അസി. ജനറൽ ബ്രദർ തോമസ് കരോണ്ടുകടവിൽ, സിഎംഎൽ ഇന്റർനാഷണൽ ജനറൽ സെക്രട്ടറി ബിനോയ് പള്ളിപ്പറന്പിൽ എന്നിവർ പ്രസംഗിച്ചു. പബ്ലിക് അഫയേഴ്സ് കമ്മീഷൻ സെക്രട്ടറി ഫാ. ജെയിംസ് കൊക്കാവയലിൽ സമുദായശാക്തീകരണ വർഷാചരണത്തിന്റെ രൂപരേഖ അവതരിപ്പിച്ചു.
നേരത്തെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ റാസാ കുർബാന അർപ്പിച്ചു. മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, താമരശേരി എംസിബിഎസ് സനാതന സെമിനാരി ഫാ. ഡെന്നീസ് പട്ടേരുപറമ്പിൽ എന്നിവർ സഹകാർമികരായി.
സഭയിലെ വിവിധ രൂപതകളിലെയും സന്യാസ സമൂഹങ്ങളിലെയും സംഘടനകളുടെയും പ്രതിനിധികൾ സഭാദിനാഘോഷത്തിൽ പങ്കെടുത്തതായി പിആർഒ റവ. ഡോ. ടോം ഓലിക്കരോട്ട് പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ചു കലാപരിപാടികളും ഉണ്ടായിരുന്നു.